മൈക്രോബയോളജി വിഭാഗത്തെക്കുറിച്ച്
എൻ.സി.ആർ.എം.ഐ മൈക്രോബയോളജി വിഭാഗം കയർ മേഖലക്കായി ചെലവ് കുറഞ്ഞതും, പരിസ്ഥിതിക്ക് അനുയോജ്യമായതും, ജൈവീക സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതുമായ ഗവേഷണ പ്രവർത്തനങ്ങൾ നടത്തി വരുന്നു. ഈ നൂതന സമീപനം വൈവിധ്യമാർന്നതും ശ്രദ്ധേയമാർന്നതുമായ നിരവധി ഉല്പന്നങ്ങളുടെ കണ്ടുപിടിത്തത്തിലേക്കും ഇതുവഴി കയർ മേഖലയുടെ വികസന രംഗത്ത് പുതിയ നാഴികകല്ലുകളുടെ സൃഷ്ടിക്കു കാരണമാകുകയും ചെയ്തു. ചകിരിച്ചോറ് കമ്പോസ്റ്റ് ഒപ്റ്റിമൈസ് ചെയ്യുന്നതിനുള്ള ബയോ ഇനോക്കുലം, ട്രൈക്കോപിത്ത്, ഗാർഹിക ജൈവമാലിന്യങ്ങൾ കാര്യക്ഷമമായി സംസ്കരിക്കുന്നതിനുള്ള ഇനോക്കുലമായ പിത്ത് ആക്ടിവേറ്റർ, ചാർക്കോളിനു ബദലായിട്ടുള്ള സുസ്ഥിര പ്രകൃതി സൗഹൃദ ഉൽപന്നമായ പീറ്റ് കോൾ ഡോടുകൾ, സിന്തറ്റിക്ക് ഗ്രോ ബാഗിന് പകരമുള്ള സുസ്ഥിര ബദലായ ‘ഇ കയർബാഗ്’, എന്നിവ ഇതിൽ ശ്രദ്ധേയമായവയാണ്. കൂടാതെ ട്രൈക്കോഡർമയുടെ പുതിയ സ്ട്രയിൻ ഉപയോഗിച്ചുള്ള നൂതന ചകിരിച്ചോർ കമ്പോസ്റ്റ്, കരിക്കിൻ തൊണ്ടിൽ നിന്നും വേർതിരിച്ചെടുത്ത വളരെ ഫലപ്രദമായ പോട്ടിങ് മാധ്യമമായ കൊക്കോനർച്ചർ തുടങ്ങിയവ എൻ സി ആർ എം ഐ മൈക്രോബയോളജി വിഭാഗത്തിന്റെ നേട്ടത്തിന്റെ പട്ടികയിൽപ്പെടുന്നു. അത്യാധുനിക മൈക്രോബയോളജിക്കൽ ഗവേഷണത്തിലൂടെയും പൂർണ്ണമായ സമർപ്പണത്തിലൂടെയും കയർ വ്യവസായത്തിൽ സുസ്ഥിരമായ പുരോഗതി കൈവരിക്കുന്നതിന് മൈക്രോബയോളജി വിഭാഗം പ്രതിഞ്ജാബദ്ധമാണ്.
കൊക്കോനർച്ചർ
സസ്യങ്ങളുടെ സ്വാഭാവിക വളർച്ചയിലൂടെ ഉല്പാദനശേഷി വർദ്ധിപ്പിക്കുന്ന ഒരു ജൈവ നടീൽ മിശ്രിതമാണ് കൊക്കോനർച്ചർ. സുഗമമായ വായുസഞ്ചാരം, വേരുകളുടെ സമഗ്ര വികസനം, ജലത്തെ കടത്തിവിടുവാനുള്ള കഴിവ്, വെള്ളക്കെട്ടിനെ പ്രതിരോധിക്കുവാനുള്ള കഴിവ്, ഈർപ്പത്തെ മണ്ണിൽ പിടിച്ച് നിർത്താനുള്ള കഴിവ് ഇവ കൊക്കോനർച്ചറിന്റെ പ്രത്യേകതയാണ്. മിത്രകുമിളായ ട്രൈക്കോഡർമയുടെ സഹായത്താൽ സസ്യങ്ങളുടെ രോഗ പ്രതിരോധശേഷി വർദ്ധിപ്പിച്ച് മണ്ണിലെ പോഷകങ്ങളെ സ്വാംശീകരിക്കാൻ സഹായിക്കുന്ന നിരവധി പരീക്ഷണ നിരീക്ഷണങ്ങൾക്ക് ശേഷമാണ് കൊക്കോനർച്ചർ രൂപപ്പെടുത്തിയത് അതിനാൽ പ്രകൃതിയുടെ ഈ അമൂല്യക്കൂട്ട് പൂർണ്ണമായും പരിസ്ഥിതി സൗഹാർദ്ദവും സുസ്ഥിര വികസനത്തെ പ്രോത്സാഹിപ്പിക്കുന്നതുമാണ്.
ട്രൈക്കോപിത്ത് - പ്രോ
കമ്പോസ്റ്റിംഗ് ചെയ്യുന്നതിന്റെ ആവശ്യകത വർദ്ധിച്ച് വരുന്ന ഇന്നത്തെ സാഹചര്യത്തിൽ എൻ സി ആർ എം ഐയിലെ മൈക്രോബയോളജി വിഭാഗം അതിസൂക്ഷ്മവും സമഗ്രവുമായ ഗവേഷണ പ്രവർത്തനത്തിലൂടെ വികസിപ്പിച്ചെടുത്ത ഒരു ഉൽപ്പന്നമാണ് ട്രൈക്കോപിത്ത് പ്രൊ. ഗവേഷണത്തിലൂടെ വികസിപ്പിച്ചെടുത്ത ട്രൈക്കോഡെർമ സ്ട്രെയിൻ, സ്ട്രെയിൻ (ട്രൈക്കോഡെർമ ആസ്പെറില്ലം) എന്നിവ കമ്പോസ്റ്റിംഗ് കാലയളവിനെ കുറച്ച് വളരെ വേഗത്തിൽ കരിക്കിൻ തൊണ്ടിനെയും കയർപിത്ത് മിശ്രിതത്തേയും കമ്പോസ്റ്റാക്കി മാറ്റുന്നതിന് സഹായിക്കുന്നു. ട്രൈക്കോഡെർമ ആസ്പെറില്ലം എന്ന ഫംഗസ് വളരെ സങ്കീർണ്ണമായ ജൈവാവശിഷ്ടങ്ങളെ വിഘടിപ്പിക്കുന്ന പ്രക്രിയയെ ത്വരിതപ്പെടുത്തുന്നതിനുള്ള ഒരു ഉൽപ്രേരകമായി പ്രവർത്തിക്കുകയും അതുവഴി ചെടികൾക്കാവശ്യമായ സൂക്ഷ്മജീവി സമ്പുഷ്ടമായ ജൈവവളം ലഭ്യമാക്കുകയും ചെയ്യുന്നു. NCRMI-ലെ മൈക്രോബയോളജി വിഭാഗം വികസിപ്പിച്ചെടുത്ത ട്രൈക്കോഡെർമ സ്ട്രെയിൻ, മണ്ണിന്റെ ഫലഭൂയിഷ്ടി വർദ്ധിപ്പിക്കുന്നതോടൊപ്പം സസ്യ വളർച്ചയെ പ്രോത്സാഹിപ്പിക്കുന്ന പോഷകങ്ങളെ ജൈവാവശിഷ്ടങ്ങളിൽ നിന്നും വിഘടിപ്പിക്കുന്നതിലും സുപ്രധാന പങ്ക് വഹിക്കുന്നു. മാത്രമല്ല മണ്ണിലൂടെ സസ്യങ്ങൾക്കുണ്ടായേക്കാവുന്ന രോഗങ്ങളെ പ്രതിരോധിക്കുകയും മണ്ണിന്റെ മൊത്തത്തിലുള്ള ഗുണനിലവാരം വർദ്ധിപ്പിക്കുന്ന ഫലഭൂയിഷ്ടമായ കമ്പോസ്റ്റ് ഇതിലൂടെ ലഭിക്കുകയും ചെയ്യുന്നു. ഇങ്ങനെ ലഭ്യമാകുന്ന ചകിരിച്ചോറ് ജൈവ മേന്മയേറിയതും സസ്യവളർച്ചയ്ക്കാവശ്യമായ പോഷകങ്ങളാൽ സമ്പുഷ്ടവുമായ ഒരു സോയിൽ കണ്ടീഷനർ ആണ്.
പീറ്റ് കോൾ ഡോട്ട്സ്
എൻ സി ആർ എം ഐയിലെ മൈക്രോബയോളജി വിഭാഗം വികസിപ്പിച്ചെടുത്ത മറ്റൊരു ഉൽപ്പന്നമാണ് പീറ്റ് കോൾ ഡോട്ട്സ്. ചകിരി ചോറിനെ നിയന്ത്രിത വായു പ്രവാഹത്തിലൂടെ ഈർപ്പമുക്തമാക്കി ശ്രദ്ധാപൂർവ്വം ചൂടാക്കി നിർമ്മിക്കുന്ന കാർബൺ ബയോ ബ്രിക്കറ്റുകളാണ് പീറ്റ് കോൾ ഡോട്ട്സ്. കയർപിത്തിനുള്ളിലെ ലിഗ്നിന്റെ സാന്നിധ്യം പീറ്റ് കോൾ ഡോട്ട്ന്നിന്റെ ഉയർന്ന ജ്വലനത്തെ സഹായിക്കുന്നു. സാവധാനത്തിൽ കത്തുന്ന പരമ്പരാഗത കരിയുടേതിനു സമാനമായ സ്വഭാവഗുണമുള്ള പീറ്റ്കോൾ ഡോട്ട്സ് കരിക്കട്ടക്ക് ബദലായ പ്രകൃതിജന്യ ഉൽപ്പന്നമാണ്. വിഷരഹിതവും ഗന്ധം ഇല്ലാത്തതുമായ പീറ്റ്കോൾ ഡോട്ട്സ് വിവിധ ഗന്ധങ്ങൾ ചേർത്ത് വിവിധ ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ കഴിയുമെന്നതാണ് മേന്മ.
ഇ - കൊയർ ബാഗ്
പ്രകൃതിദത്ത കയർ മാറ്റിംഗിൽ നിന്നാണ് ഇ-കൊയർ ബാഗ് നിർമ്മിച്ചിരിക്കുന്നത്. ഇത് സംസ്കരിച്ച കയർ നാരുകൾ കൊണ്ടാണ് നിർമ്മിക്കപ്പെട്ടിരിക്കുന്നത്. പൂർണ്ണമായും ഒരു പരിസ്ഥിതി സൗഹൃദ ഉൽപ്പന്നമാണ് ഇ-കൊയർ ഗ്രോ ബാഗ്. പരിമിതമായ സ്ഥല സൗകര്യമുള്ള സ്ഥലങ്ങളിൽ ഇ-കൊയർ ഗ്രോ ബാഗ് വളരെ അനുയോജ്യമാണ്. പച്ചക്കറികൾ, പഴങ്ങൾ, പൂക്കൾ, ഔഷധ സസ്യങ്ങൾ, ഇൻഡോർ സസ്യങ്ങൾ തുടങ്ങിയവ വളർത്താൻ അനുയോജ്യമാണ്. ഇത് പുനരുപയോഗിക്കാവുന്നതും ഈടു നിൽക്കുന്നതുമാണ്. പ്ലാസ്റ്റിക്ക് ഗ്രോ ബാഗുകളിൽ സസ്യങ്ങളുടെ വേരുകൾ വളയുന്നതും വളർച്ച മുരടിക്കുന്നതും സാധാരണയാണ്. എന്നാൽ ഇ-കൊയർ ഗ്രോ ബാഗുകളിൽ വേരുകൾ വളയുകയില്ല എന്ന് മാത്രമല്ല വേരുകളിലേക്ക് യഥേഷ്ടം വായു സഞ്ചാരവും, ഈർപ്പവും ഉറപ്പാക്കുകയും ചെയ്യുന്നു.
ട്രൈക്കോപിത്ത്
ചകിരിച്ചോറിന്റെ കമ്പോസ്റ്റിംഗ് പ്രക്രിയ ത്വരിതപ്പെടുത്തുന്നതിനും കാര്യക്ഷമമാക്കുന്നതിനുമായി രൂപകൽപ്പന ചെയ്ത ഒരു ബയോ ഇനോക്കുലം NCRMI വിജയകരമായി രൂപപ്പെടുത്തിയിട്ടുണ്ട്. ഈ നൂതനമായ പരിഹാരം മണ്ണിലെ സൂക്ഷ്മാണുക്കളെ വളർത്തുന്നതിന് നിർണായകമായ C:N (കാർബൺ : നൈട്രജൻ) അനുപാതം ഒപ്റ്റിമൈസ് ചെയ്ത് സ്ഥിരവും പക്വതയുള്ളതുമായ കമ്പോസ്റ്റ് നൽകുന്നു. തൽഫലമായി, ഇത് മണ്ണിനുള്ളിലെ സൂക്ഷ്മജിവികളുടെ പ്രവർത്തനത്തെ ഉത്തേജിപ്പിക്കുകയും മണ്ണിന്റെ ഗുണനിലവാരം ഫലപ്രദമായി പുനരുജ്ജീവിപ്പിക്കുകയും ചെയ്യുന്നു. പ്രത്യേക രീതിയിൽ രൂപപ്പെടുത്തിയ ഈ ബയോ ഇനോക്കുലം ഒരു ബയോ കൺട്രോൾ ഏജന്റായും പ്രവർത്തിക്കുന്നു. സസ്യങ്ങളിൽ മണ്ണിലൂടെ പകരുന്ന വിവിധ രോഗങ്ങളിൽനിന്ന് സംരക്ഷണം നൽകുന്നു. സുസ്ഥിരവും അഭിവൃദ്ധി പ്രാപിക്കുന്നതുമായ കൃഷിക്ക് അനുയോജ്യമായ ഒരു ജൈവ വളർച്ചാ മാധ്യമം ഈ ബയോഇനോക്കുലത്തിലൂടെ സൃഷ്ടിക്കപ്പെടുന്നു.
പിത്ത് ആക്ടിവേറ്റർ
എൻ സി ആർ എം ഐ മൈക്രോ ബയോളജി വിഭാഗം ഗാർഹിക ജൈവ മാലിന്യങ്ങളുടെ ജീർണ്ണന പ്രക്രിയ വേഗത്തിലാക്കാൻ സൂക്ഷ്മാണുക്കളാൽ (ഇ എം) സമ്പന്നമായ പിത്ത് ആക്ടിവേറ്റർ വികസിപ്പിച്ചിട്ടുണ്ട്. പിത്ത് ആക്ടിവേറ്ററിൽ ചകിരി ച്ചോറിനെ ഒരു ബൾക്കിംഗ് ഏജന്റായി ഉപയോഗിച്ച് ഗാർഹിക ഭക്ഷ്യമാലിന്യങ്ങളുടെ ജൈവീക ജീർണ്ണന സമയത്ത് സൂക്ഷ്മ ജീവികളുടെ എണ്ണം നിലനിർത്താൻ ഈ ഉല്പന്നം സഹായിക്കുന്നു ഉയർന്ന ജല ആഗിരണ ശേഷി, ന്യൂട്രൽ പി എച്ച് എന്നിവ ജൈവിക ജീർണ്ണനത്തെ ത്വരിതപ്പെടുത്താൻ സഹായിക്കുന്നു. ഫുഡ്-ഗ്രേഡും എയറോബികുമായ സൂക്ഷ്മാണുക്കൾ ജീർണ്ണനത്തിന്റെ കാര്യക്ഷമത വർദ്ധിപ്പിക്കുന്നു.
കൊയർ പിത്ത് ഉപയോഗിച്ചുള്ള പോട്ടിംഗ് ഫില്ലർ
എൻ സി ആർ എം ഐ വിഭാഗം വികസിപ്പിച്ചെടുത്ത ഒരു നൂതന കാർഷിക ഉല്പന്നമാണ് കയർ പിത്ത് കമ്പോസ്റ്റിന്റെ ഗുണങ്ങളുള്ള പോട്ടിംഗ് ഫില്ലർ. ഈ മിശ്രിതം കയർപിത്ത് കമ്പോസ്റ്റ്, ട്രൈക്കോപിത്ത് എന്നിവ സംയോജിപ്പിച്ച് മണ്ണിന്റെ ആവശ്യകത പരമാവധി കുറയ്ക്കുന്നു. ഈ ഒപ്റ്റിമൈസ്ഡ് മിശ്രിതം വിവിധ കാർഷിക വിളകളുടെ വിളവ് മെച്ചപ്പെടുത്തുമെന്ന് ഫീൽഡ് പ്രവർത്തനങ്ങൾ നിരീക്ഷിച്ചതിൽ നിന്നും ഉറപ്പായിട്ടുണ്ട്. ഈ പോട്ടിങ്ങ് ഫില്ലർ കാർഷിക വിളകൾക്ക് ഒരു മുതൽക്കൂട്ടാണ്.
ബയോ പ്ലാസ്റ്റിക്കിന്റെ നിർമ്മാണത്തിനായി ചകിരിച്ചോറിന്റെ കാര്യക്ഷമമായ ഉപയോഗം
പി എച്ച് എ (Poly hydroxyl alkanoates) കയർപിത്തിനെ സൂക്ഷ്മാണുക്കൾ ഒരു കാർബൺ സ്രോതസ്സായി ഉപയോഗിച്ച് പി എച്ച് എ ഉത്പാദിപ്പിക്കുന്നു. പി എച്ച് എ യിൽ നിന്ന് വേർതിരിച്ചെടുക്കുന്നതാണ് ബയോപ്ലാസ്റ്റിക്. ചകിരിച്ചോറിൽ നിന്ന് വേർതിരിച്ചെടുത്ത ബാസിലസ് ബാക്ടീരിയയുപയോഗിച്ച് പി എച്ച് എ ഉൽപ്പാദനത്തിനുള്ള സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിനായുള്ള നിരന്തരമായ ശ്രമങ്ങൾ മൈക്രോബയോളജി വിഭാഗത്തിന് കീഴിൽ നടന്നു വരികയാണ്.
ഗാർഹിക ജൈവമാലിന്യങ്ങളെ കയർ പിത്ത് ഉപയോഗിച്ച് സൂക്ഷ്മാണുക്കളാൽ സമ്പന്നമായ കമ്പോസ്റ്റാക്കി മാറ്റുന്നു.
പിത്ത് ആക്ടിവേറ്ററുള്ള സൂക്ഷ്മജീവികളുടെ സഹായത്താൽ ഗാർഹിക ജൈവ മാലിന്യങ്ങളെ സമ്പുഷ്ടമായ ജൈവ വളമാക്കി മാറ്റാൻ കഴിയുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. മൈക്രോബിയൽ കൺസോർഷ്യത്തിന്റെ ഒപ്പ്റ്റിമൈസേഷൻ, വ്യത്യസ്ത ഗാർഹിക ജൈവ മാലിന്യങ്ങളിൽ നിന്നും നിർമ്മിക്കുന്ന കമ്പോസ്റ്റിന്റെ ഗുണനിലവാര പരിശോധന, വിവിധ കമ്പോസ്റ്റ് ബിന്നുകളുടെ വിലയിരുത്തലും പരിശോധനയും തുടങ്ങിയവയെല്ലാം മൈക്രോബയോളജി വിഭാഗത്തിന്റെ ഗവേഷണവിഭാഗം പഠനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
പാസിവ് എയറേഷൻ ബിൻ ഉപയോഗിച്ച് ഗാർഹിക ജൈവ മാലിന്യങ്ങൾ കമ്പോസ്റ്റു ചെയ്യുന്നതിനുള്ള ആക്റ്റിവേറ്ററിൻറെ ഒപ്റ്റിമൈസേഷൻ
ബിൻ കമ്പോസ്റ്റിംഗ്, പ്രത്യേകിച്ച് ത്രീ-ബിൻ സിസ്റ്റം, ചൂടും ഈർപ്പവും നിലനിർത്താനുള്ള കഴിവുള്ളതുകൊണ്ട് ഘട്ടം ഘട്ടമായുള്ള കമ്പോസ്റ്റിംഗ് സാധ്യമാക്കുന്നു. എന്നിരുന്നാലും, ഈർപ്പം, C/N അനുപാതം, താപനില തുടങ്ങിയ ഘടകങ്ങൾ ഉൾപ്പെടെയുള്ള പ്രവർത്തന സാഹചര്യങ്ങൾ ഒപ്റ്റിമൈസ് ചെയ്യുന്നത്, ഗണ്യമായതും, സ്ഥിരതയുള്ളതുമായ കമ്പോസ്റ്റ് ആക്കുന്നതിന് വളരെ നിർണായകമാണ്. കമ്പോസ്റ്റിംഗ് പ്രക്രിയ ത്വരിതപ്പെടുത്തുന്നതിന് കുമ്മായം, ചകിരിച്ചോറ്, പിത്ത് ആക്റ്റിവേറ്റർ തുടങ്ങിയ അഡിറ്റീവുകളുടെ പര്യവേക്ഷണത്തോടൊപ്പം പ്ലാസ്റ്റിക്, മൺപാത്രങ്ങൾ ഉപയോഗിച്ചുള്ള താരതമ്യ പഠനവും ഗവേഷണത്തിൽ ഉൾപ്പെടുന്നു.
കരിക്കിൻ തൊണ്ടിനെ ജൈവവളമാക്കി മാറ്റുന്ന സാങ്കേതിക വിദ്യയുടെ വികസനം
ഈ പദ്ധതിയിലൂടെ കരിക്കിൻ തൊണ്ടിൽ നിന്നും മൂല്യ വർദ്ധിത ഉൽപ്പന്നങ്ങൾ ഉണ്ടാക്കുന്നതിനുള്ള സാങ്കേതിക വിദ്യയുടെ വികസനമാണ് ലക്ഷ്യമിടുന്നത്. സെല്ലുലൈറ്റിക്ക് ലിഗ്നോലിറ്റിക്ക് സൂക്ഷ്മാണുക്കളുടെ സഹായത്താൽ കരിക്കിൻ തൊണ്ടിനെ ജൈവസമ്പുഷ്ട വളമാക്കി മാറ്റുന്നു. സെല്ലുലോസ് സമ്പുഷ്ടമായ പദാർത്ഥങ്ങളുടെ ജീർണ്ണനത്തിന് സഹായിക്കുന്ന സ്ട്രെയിനുകളെ വികസിപ്പിക്കുകയും വൈവിധ്യമാർന്ന സസ്യങ്ങൾക്കും വിളകൾക്കും ജൈവവളമായി സംസ്കരിച്ച ഈ കരിക്കിൻ തൊണ്ടിനെ ഉപയോഗിക്കുന്നതിനാവശ്യമായ ശാസ്ത്രീയമായ ഫീൽഡ് മൂല്യനിർണ്ണയം നടത്തുന്നതിനുള്ള പഠനവും ഇതിൽ ഉൾപ്പെടുന്നു.
എൻ സി ആർ എം ഐയിലെ മൈക്രോബയോളജി വിഭാഗം വ്യത്യസ്ത രീതിയിൽ സംസ്കരിച്ച് വികസിപ്പിച്ച ചകിരിച്ചോറ് കമ്പോസ്റ്റിന്റെ ഫീൽഡ് പഠനങ്ങളുടെ വിലയിരുത്തൽ
മണ്ണിന്റെ അളവ് കുറച്ച് ചകിരിച്ചോറ് കമ്പോസ്റ്റ് മിശ്രിതം ഉപയോഗിച്ച് തയ്യാറാക്കിയ പോട്ടിങ്ങ് മിശ്രിതം വ്യത്യസ്ത കാർഷിക വിളകളിൽ പരീക്ഷണ നിരീക്ഷണങ്ങൾക്കും വിവിധ പഠനങ്ങൾക്കും വിധേയമാക്കി സസ്യ വളർച്ചയ്ക്ക് വളരെ അനുയോജ്യമാണെന്ന് കണ്ടെത്തുകയുണ്ടായി. പരമ്പരാഗതമായ മണ്ണ് അടിസ്ഥാനമാക്കിയുള്ള നടീൽ മിശ്രിതത്തിന് ബദലായി എൻ സി ആർ എം ഐയിലെ മൈക്രോബയോളജി വിഭാഗം വികസിപ്പിച്ചെടുത്ത ഈ ജൈവ നടീൽ മിശ്രിതം കാർഷികമേഖലയുടെ മികച്ച വിളവിനും വികസനത്തിനും സഹായകരമാണെന്ന് ശാസ്ത്രീയ പഠനങ്ങൾ വ്യക്തമാക്കുന്നുണ്ട്.
കേരള കാർഷിക സർവകലാശാലയും ദേശീയ കയർ ഗവേഷണ കേന്ദ്രവും സഹകരിച്ച് മട്ടുപാവ് കൃഷിയിൽ ചകിരിച്ചോറിന്റെ ഉപയോഗ സാധ്യതയെ കുറിച്ച് നടത്തുന്ന പഠന പദ്ധതി
ചകിരിച്ചോറും അരിയുടെ തവിടും സംയോജിപ്പിച്ച് മണ്ണിനു പകരമുള്ള ഒരു സമ്പുഷ്ടമായ നടീൽ മിശ്രിതമായി ഉപയോഗിക്കാമെന്ന് കണ്ടെത്തിയിട്ടുണ്ട്. ഈ മിശ്രിതം 6 വ്യത്യസ്ത കാർഷിക വിളകളിൽ പ്രയോഗിച്ച് പരീക്ഷിക്കുകയും, അവയുടെ വളർച്ച, വിളവ്, നടീൽ മിശ്രിതത്തിന്റെ ഭൗതികവും രാസപരവും ജൈവപരവുമായ മാറ്റങ്ങൾ എന്നിവ നിരീക്ഷിച്ച് പഠന വിധേയമാക്കുകയും, സ്ഥിതി വിവരങ്ങൾ ശേഖരിച്ച് ഈ നടീൽ മിശ്രിതത്തിന്റെ സാധ്യത ഉറപ്പ് വരുത്തുകയും ചെയ്യുന്നു.
ചകിരിച്ചോറ് കമ്പോസ്റ്റിന്റെ സമ്പുഷ്ടീകരണത്തിനും, സ്വാംശീകരണത്തിനും മൂല്യ നിർണ്ണയത്തിനുമുള്ള സഹകരണ പദ്ധതി
എൻ സി ആർ എം ഐയും, സി ഡബ്ലു ആർ ഡി എമ്മും സംയുക്തമായി ചകിരിച്ചോറ് കമ്പോസ്റ്റിൽ കൂടുതൽ പോഷകങ്ങൾ ഉൾപ്പെടുത്തി നിലവാരമുള്ള കയർ പിത്ത് കമ്പോസ്റ്റിന്റെ ഉൽപാദനം നടത്തുന്നത് പഠന വിധേയമാക്കി. ഈ കമ്പോസ്റ്റ് കണ്ടയിനർ കൃഷിക്കും മണ്ണ് രഹിത കൃഷിക്കും വളരെ അനുയോജ്യമാണെന്ന് പഠനങ്ങൾ വ്യക്തമാക്കി. ഈ വികസിപ്പിച്ച ജൈവകമ്പോസ്റ്റിന് ഈർപ്പത്തെ കൂടുതൽ നേരം പിടിച്ച് നിർത്താൻ കഴിയും എന്ന് മാത്രമല്ല സസ്യങ്ങൾക്ക് കൂടുതൽ പോഷകങ്ങൾ വലിച്ചെടുക്കുന്നതിനുള്ള കഴിവിനെ കൂട്ടുകയും ചെയ്യുന്നു. സമകാലീന പോട്ട് കൾച്ചർ കൃഷിക്ക് ഇത് വളരെ പ്രയോജനമാണെന്ന് തിരഞ്ഞടുക്കപ്പെട്ട പച്ചക്കറികളിൽ F&E-CPC ഉപയോഗിച്ച് നടത്തിയ പരീക്ഷണങ്ങളിൽ നിന്ന് മനസ്സിലാക്കാൻ കഴിയും.
മലിനജലം ശുദ്ധീകരിക്കുന്നതിനായി കയർ അധിഷ്ടിത ബയോഫിലിം വികസിപ്പിക്കൽ
മലിനജലം പുനരുപയോഗം ചെയ്യുന്നതിനാണ് ഈ പദ്ധതി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. സാധാരണ രാസപരമായ രീതിയിലാണ് മലിന ജലം ശുദ്ധീകരിക്കുന്നത് എന്നാൽ എൻ സി ആർ എം ഐയിലെ മൈക്രൊബയോളജി വിഭാഗം തികച്ചും പരിസ്ഥിതി സൗഹാർദ്ദപരമായ കയർ അടിസ്ഥാനമാക്കിയുള്ള ബയോഫിലിം വികസിപ്പിക്കുന്നതിനുള്ള പഠനമാണ് നടത്തി വരുന്നത്. ഇതിലൂടെ മലിനജലം ശുദ്ധീകരിച്ച് പുനരുപയോഗം സാധ്യമാക്കുന്ന പദ്ധതിയുടെ വികസനമാണ് ഉദ്ദേശിക്കുന്നത്. കയർ അധിഷ്ഠിത ബയോമാസ് കാരിയറാണ് നിർമ്മാണത്തിനുപയോഗിക്കുന്നത്.
ബാക്ടീരിയൽ കൺസോർഷ്യയുടെ വികസനത്തിലൂടെ റെറ്റ് ലിക്ക്വർ ട്രീറ്റ്മെന്റ്
യാന്ത്രികമായി ചകിരി നാരുകൾ വേർതിരിക്കുമ്പോൾ ഉണ്ടാകുന്ന പാരിസ്ഥിതിക ആഘാതം പരിഹരിക്കുന്നതിന് ഒരു നൂതന സംസ്കരണ സംവിധാനം വികസിപ്പിച്ചുകൊണ്ട്, റെറ്റ് ലിക്ക്വറിലുള്ള മാലിന്യങ്ങൾ നീക്കം ചെയ്ത് അതിനെ തുടർന്നുള്ള ശുചിയാക്കലിനായി ജലം പുനരുപയോഗം ചെയ്യുന്നതിനാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
ചകിരിനാരിന്റെ നിറവും ഘടനയും മെച്ചപ്പെടുത്തുന്നതിനായി ജൈവ രാസ വസ്തുക്കൾ ഉപയോഗിച്ചുള്ള സംസ്കരണ പദ്ധതി
ഉയർന്ന ഗുണമേന്മയുള്ള കയർ നാരുകൾ ഉൽപ്പാദിപ്പിക്കുന്നതിനുള്ള സംയോജിത രാസ-ജൈവ സംസ്കരണത്തിനാണ് എൻ സി ആർ എം ഐ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഇതിലൂടെ റെറ്റിങ്ങ് സമയം 6 മാസം എന്നത് 24 മണിക്കൂറാക്കി ചുരുക്കാൻ കഴിയും. ഇങ്ങനെ പരിമിതമായ ജലം ഉപയോഗിച്ച് ഉൽപാദിപ്പിക്കുന്ന നാരുകൾക്ക് പരമ്പരാഗതമായ റെറ്റിങ് പ്രക്രിയയിലൂടെ നിർമ്മിക്കുന്ന നാരുകളുടേതു പോലെയുള്ള ഭൗതിക ഗുണങ്ങൾ കൂടുതലായിരിക്കുമെന്നതാണ് പ്രധാന സവിശേഷത.
കേരളത്തിലെ കൃഷി വകുപ്പിന് വേണ്ടിയുള്ള മദർ കൾച്ചറിന്റെ വികസനവും, വിതരണവും
ട്രൈക്കോഡെർമ ഹാർസിയാനം (Trichoderma harzianum) എന്ന ഫംഗസ് സംസ്ഥാനത്തെ കൃഷി ഭവൻ വഴി ബയോകൺട്രോൾ പ്രൊഡക്ഷൻ യൂണിറ്റുകളിലേക്ക് കൈമാറുന്ന പദ്ധതിയാണിത്. കൂടാതെ കൃഷിവകുപ്പ് സമർപ്പിക്കുന്ന സാമ്പിളുകളുടെ ഗുണനിലവാര പരിശോധനാ സേവനങ്ങളും എൻ സി ആർ എം ഐയിലെ മൈക്രോ ബയോളജി വിഭാഗം ഏറ്റെടുത്ത് നടത്തുന്നുണ്ട്.
മൈക്രോഫ്ലോറയുടെ ഐസൊലോഷനിലൂടെയും ക്യാരക്ടറൈസേഷനിലൂടെയും റെറ്റിംഗ് പ്രക്രിയയെ ത്വരിതപ്പെടുത്തുന്ന പദ്ധതി
കേരളത്തിലെ വിവിധ സ്ഥലങ്ങളിൽ നടത്തിയ വിശദമായ പഠനത്തിൽ നിന്നും, റെറ്റിംഗ് പ്രക്രിയയുമായി ബന്ധപ്പെട്ട സ്ഥലങ്ങളിൽ പ്രത്യേക സൂക്ഷ്മാണുക്കളെ കണ്ടെത്തുകയും, ഇവയെ ഫിനോടൈപ്പിക് ക്യാരക്ടറൈസേഷൻ നടത്തി MALDI-tof സാങ്കേതികവിദ്യ ഉപയോഗിച്ച് കൺസോർഷ്യം തയ്യാറാക്കുന്നതിനായുള്ള സൂക്ഷ്മാണുക്കളെ തിരഞ്ഞെടുക്കുന്ന പദ്ധതിയാണിത്.
Biodegradation studies of coir geotextiles under varying condition - laterite soil and sandy soil
This study investigates the biodegradation of coir geotextiles of different soil types.
Phenotypic and genotypic characterization of bacteria and fungi using automated instruments
Microbes from coir retting sites, including Chromobacterium violaceum, Bacillus sp, and others, were identified using MS Vitek MALDI-TOF, revealing lignin-decomposing and phenol-degrading bacteria, such as Chromobacterium violaceum, with potential biodegradation applications.
കയർ നാരുകൾ മൃദുവാക്കുന്നതിനും തെളിച്ചമുള്ളതാക്കുന്നതിനുമായി തിരഞ്ഞെടുത്ത സൂക്ഷ്മാണുക്കളുടെ കൾച്ചറൽ കണ്ടിഷനും പ്രൊഫൈലിങ്ങും ഒപ്റ്റിമൈസേഷനും
കയർ ഫൈബറിൻറെ ബയോ സോഫ്റ്റനിംഗ്, ബ്ലീച്ചിംഗ് സമയത്ത് കെമിക്കൽ/ബയോകെമിക്കൽ പ്രവർത്തനങ്ങൾ പ്രൊഫൈൽ ചെയ്യുന്നത് തുടങ്ങിയ പ്രക്രിയകളെക്കുറിച്ച് മൈക്രോബിയൽ കൺസോർഷ്യ ഉപയോഗിച്ച് സമഗ്രമായ ധാരണ സാധ്യമാക്കുന്നു. സൂക്ഷ്മാണുക്കളെ ഉപയോഗിക്കുന്നത് കുറഞ്ഞ പാരിസ്ഥിതിക ആഘാതത്തോടെ നാരുകളുടെ ഗുണനിലവാരം വർദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു. കൂടാതെ സ്ക്രീനിംഗിലൂടെ ലിഗ്നിൻ ഡീഗ്രേഡിംഗ് വർത്തനമുള്ള രണ്ട് സ്ട്രെയിൻസ് കണ്ടെത്തി. ഇവ കയർ വ്യവസായത്തിന് പ്രയോജനപ്പെടുത്താവുന്നതാണ്.
കയർപിത്ത് കമ്പോസ്റ്റിംഗിന്റെ സ്പീഡ്, കാര്യക്ഷമത എന്നിവ വർദ്ധിപ്പിക്കുന്നതിനായി വിവിധ ജൈവ-രാസ ചികിത്സകളെക്കുറിച്ചുള്ള പഠനങ്ങൾ
വിശാലമായ കാർബൺ നൈട്രജൻ അനുപാതവും ഉയർന്ന ലിഗ്നിൻ ഉള്ളടക്കവുമുള്ള സാധാരണ ചകിരിച്ചോറിനെ ട്രൈക്കോഡെർമ ഹാർസിയാനം, കോഴിവളം എന്നിവയുപയോഗിച്ച് 30 ദിവസത്തെ കമ്പോസ്റ്റിംഗിലൂടെ മെച്ചപ്പെട്ട വൈദ്യുത ചാലക, പിച്ച്, സി:എൻ, എൻ പി കെ എന്നിവ ഉള്ള മൂല്യവത്തായ ചകിരിച്ചോർ ലഭ്യമാക്കുവാൻ സാധിക്കുന്നു എന്നത് മറ്റ് പരമ്പരാഗതമായ കമ്പോസ്റ്റിംഗ് രീതികളുമായി താരതമ്യപ്പെടുത്തിയുള്ള ഫീൽഡ് ട്രയലുകളിലൂടെ സ്ഥിരീകരിച്ചിട്ടുള്ളതാണ്. വിവിധതരം വിളകളിൽ വ്യത്യസ്ത തരത്തിൽ സംസ്കരിച്ച ചകിരിച്ചോറിന്റെ ഫലത്തെക്കുറിച്ചുള്ള പഠനം.
നാഷണൽ കയർ റിസർച്ച് ആൻഡ് മാനേജ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ടിലെ മൈക്രോബയോളജി ലാബ് അത്യാധുനിക ഇൻഫ്രാസ്ട്രക്ചറും നൂതന മൈക്രോബയോളജിക്കൽ ഉപകരണങ്ങളാലും സുസജ്ജീകരിച്ചിരിക്കുന്ന ഗവേഷണ കേന്ദ്രമാണ്
VITEK-2 COMPACTബാക്ടീരിയകളെ വേഗത്തിലും കൃത്യമായും തിരിച്ചറിയാൻ കഴിയുന്ന മൈക്രോബിയൽ ഐഡന്റിഫിക്കേഷൻ സിസ്റ്റം |
|
MALDI -TOF–Vitek MSസ്പീഷീസ് തലത്തിൽ സൂക്ഷ്മാണുക്കളെ തിരിച്ചറിയാൻ ഉപയോഗിക്കാവുന്ന മാസ് സ്പെക്ട്രോമെട്രി ഉപകരണം. |
|
പ്രിവികളർ ഗ്രാംബാക്ടീരിയകളെ ഗ്രാം പോസിറ്റീവ്, ഗ്രാം നെഗറ്റീവ് എന്നിങ്ങനെ വേർതിരിക്കുന്നതിനുള്ള ദ്രുത രീതി |
|
ലയോഫിലൈസർസൂക്ഷ്മാണുക്കളുടെ ഷെൽഫ് ലൈഫ് ഡ്രയിങ്ങിലൂടെയും ഫ്രീസിങ്ങിലൂടെയും വർദ്ധിപ്പിച്ച് അവയെ സംഭരിക്കുവാനും കൊണ്ട് പോകുന്നതിനും എളുപ്പമാക്കുന്നു. |
|
ഫ്ലൂറോമീറ്റർസാമ്പിളിലെ ന്യൂക്ലിക് ആസിഡുകളുടെയോ പ്രോട്ടീനുകളുടെയോ സാന്ദ്രത നിർണ്ണയിക്കാൻ ഉപയോഗിക്കുന്ന ഉപകരണം. |
|
PCR-നുള്ള തെർമൽ സൈക്ലർഡി.എൻ.എ വർദ്ധിപ്പിക്കാൻ തന്മാത്രാ ജീവശാസ്ത്ര ഗവേഷണത്തിൽ പലപ്പോഴും ഉപയോഗിക്കുന്ന ഒരു പ്രക്രിയ. |
|
വിവിധതരം മൈക്രോസ്കോപ്പ്വിവിധതരം ലൈറ്റ് മൈക്രോസ്കോപ്പുകൾ |
|
തിരശ്ചീന ചതുരാകൃതിയിലുള്ള ഓട്ടോക്ലേവ്ഉപകരണങ്ങളും വസ്തുക്കളും അണുവിമുക്തമാക്കാൻ ഉപയോഗിക്കാവുന്ന യന്ത്രം. |
|
ബി ഒ ഡി ഇൻകുബേറ്റർഒരു പ്രത്യേക ഊഷ്ടാവിലും ഓക്സിജൻ നിലയിലും സാമ്പിളുകൾ ഇൻകുബേറ്റ് ചെയ്യാൻ ഉപയോഗിക്കാവുന്ന യന്ത്രം. |
|
ബയോ-ഫെർമെന്റർ-2നിയന്ത്രിത സാഹചര്യങ്ങളിൽ സൂക്ഷ്മാണുക്കളെ വളർത്താൻ ഉപയോഗിക്കാവുന്ന യന്ത്രം. |
|
ഹോട്ട് എയർ ഓവൻഒരു പ്രത്യേകത ഊഷ്മാവിൽ സാമ്പിളുകൾ ചൂടാക്കുവാൻ ഉപയോഗിക്കുന്ന യന്ത്രം. |
|
ലാമിനാർ എയർ ഫ്ലോ ചേബർസാമ്പിളുകളുടെ മലിനീകരണം തടയാൻ ഉപയോഗിക്കുന്നു. |
എൻ സി ആർ എം ഐ യുടെ മൈക്രോബയോളജി ലാബിൽ സമഗ്രമായ ഗവേഷണം ഉറപ്പാക്കുന്ന ഉപകരണങ്ങളും ഉൾപ്പെടുന്നു. ഈ ഉപകരണങ്ങൾ സൂക്ഷ്മജീവ സാമ്പിളുകളുടെ വിശകലനം, ബയോകെമിക്കൽ പാരാമീറ്ററുകളുടെ നിരീക്ഷണം, സൂക്ഷ്മജീവ സമൂഹങ്ങളുടെ സ്വഭാവം എന്നിവ നിർണ്ണയിക്കാൻ സഹായിക്കുന്നു.
ഹാന്റ്സ് ഓൺ ട്രെയിനിങ്ങ് ഐഡന്റിഫിക്കേഷനുള്ള മൈക്രോബയോളജിക്കൽ, ബയോകെമിക്കൽ, ജെനോടൈപ്പിക്, മാസ് സ്പെക്ട്രോമെട്രിക് രീതികളുടെ പരിശീലനം
മൈക്രോബയോളജിക്കൽ ഐഡറ്റിഫിക്കേഷൻ- ബയോ കെമിക്കൽ. ജീനോടൈപിക്, മാസ് സ്പെക്ട്രോമെട്രിക് രീതികൾ എന്നിവയെക്കുറിച്ച് ഹാൻഡ്സ് ഓൺ ട്രെയിനിംഗ് എന്ന പേരിൽ 10 ദിവസത്തെ ട്രെയിനിംഗ് പ്രോഗ്രാം എൻ.സി.ആർ.എം.ഐ സംഘടിപ്പിക്കുന്നു. വിഷയ വിദഗ്ധർ, പ്രൊഫഷണലുകൾ, ലൈഫ് സയൻസ് അധ്യാപകർ എന്നിവർക്ക് ആധുനികമായ മൈക്രോബയോളജിക്കൽ ഉപകരണങ്ങൾ ഉപയോഗിച്ച് മൈക്രോ ഓർഗാനിസങ്ങളെക്കുറിച്ച് മനസ്സിലാക്കുന്നതിനും മൈക്രോബിയൽ ടാക്സോണമി, ബാക്ടീരിയകളെ തിരിച്ചറിയുന്നതിനുള്ള സംവിധാനം എന്നിവയും ട്രെയിനിംഗിലൂടെ നൽകുന്നു.
ഹാന്റ്സ് ഓൺ ട്രെയിനിംഗ് :- മദർ കൾച്ചറിൽ നിന്ന് ട്രൈക്കോഡെർമ എന്ന ബയോ കൺട്രോൾ ഏജന്റ് ഉൽപ്പാദിപ്പിക്കുന്നതിനുള്ള പരിശീലനം
മദർകൾച്ചറിൽ നിന്ന് ട്രൈക്കോഡെർമ എന്ന ബയോ കൺട്രോൾ ഏജൻറ് കൾട്ടിവേറ്റ് ചെയ്യുന്നതിനുള്ള മൈക്രോബയോളജിക്കൽ സ്റ്റെറിലൈസേഷൻ നടപടിക്രമങ്ങളെക്കുറിച്ച് എൻ സി ആർ എം ഐയിലെ മൈക്രോബയോളജി വിഭാഗം കർഷകർക്കും ഉദ്യോഗസ്ഥർക്കുമായി ഒരു ഏകദിന പരിശീലനം നടത്തി വരുന്നുണ്ട്. ട്രൈക്കോഡെർമ കൾട്ടിവേറ്റ് ചെയ്യുന്നതിനുള്ള മുൻകരുതൽ നടപടികളും ഈ പരിശീലനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഡീഫൈബറിങ് തൊഴിലാളികൾക്ക് കയർ പിത്ത് കമ്പോസ്റ്റിങ്ങിന്റെ സാങ്കേതിക വിദ്യ പകർന്ന് നൽകുന്നതിനു വേണ്ടിയുള്ള പരിശീലനം
ഡി.എഫ് യൂണിറ്റുകളിലെയും കയർ വ്യവസായത്തിലെയും തൊഴിലാളികൾക്ക് സുസ്ഥിര ചകിരിച്ചോറ് കമ്പോസ്റ്റിന്റെ നിർമ്മാണ പരിശീലനം നൽകാനും, ചകിരിച്ചോർ കമ്പോസ്റ്റ് വിവിധ വിളകൾക്ക് ആവശ്യമായ രീതിയിൽ പരിസ്ഥിതി സൗഹൃദമായി പരിവർത്തനം ചെയ്യുന്നതിൽ അവരുടെ വൈദഗ്ധ്യം വളർത്തിയെടുക്കാനുമാണ് ഈ പരിശീലന പരിപാടി ലക്ഷ്യമിടുന്നത്.
വിവിധ കോളേജുകളിലെ മൈക്രോബയോളജി വിഭാഗം ബിരുദ, ബിരുദാനന്തര ബിരുദ വിദ്യാർത്ഥികൾക്ക് വ്യവസായ സന്ദർശനത്തിനു വേണ്ട സൗകര്യം ഒരുക്കുന്നു
വിവിധ കോളേജുകളിലെ മൈക്രോബയോളജി വിഭാഗത്തിലുള്ള ബിരുദ, ബിരുദാനന്തര ബിരുദ വിദ്യാർത്ഥികൾക്ക് വ്യവസായ സന്ദർശനത്തിനു വേണ്ട സൗകര്യം ഒരുക്കുന്നു.
കയർ പിത്ത് കമ്പോസ്റ്റിൽ പരിശീലനം
കേരളത്തിലുടനീളമുള്ള കയർ കോർപ്പറേഷൻ, കയർ ഫെഡ്, സി വി സി എസ്, കൂടാതെ സ്വകാര്യ സംരംഭകർ, കെ സി സി പി എൽ എന്നിവയുൾപ്പെടെ വിവിധ ഡിഎഫ് യൂണിറ്റുകൾക്കായി എൻ സി ആർ എം ഐയുടെ മൈക്രോ ബയോളജി ഡിവിഷൻ കയർപിത്ത് കമ്പോസ്റ്റിംഗ് പരിശീലനം സംഘടിപ്പിച്ചു.
സ്പോൺ പ്രൊഡക്ഷൻ യൂണിറ്റ്
കയർ പിത്ത് കമ്പോസ്റ്റിംഗിനായി ഇനോക്കുലത്തിന്റെ സമഗ്ര ഉത്പാദനം ഉറപ്പാക്കുന്ന സമ്പൂർണ്ണമായ സ്പോൺ പ്രൊഡക്ഷൻ യൂണിറ്റ് എൻ സി ആർ എം ഐയുടെ മൈക്ര ബയോളജി ഡിവിഷന്റെ സവിശേഷതയാണ്.
ഇനോക്കുലേറ്റഡ് പിത്ത് പ്രൊഡക്ഷൻ യൂണിറ്റ്
പിത്ത് ആക്റ്റിവേറ്ററിന്റെ നിർമ്മാണത്തിനായി പ്രത്യേകം രൂപകൽപ്പന ചെയ്ത അത്യാധുനിക ഇനോകുലം യൂണിറ്റ് എൻ സി ആർ എം ഐയുടെ മൈക്രോ ബയോളജി ഡിവിഷന്റെ പ്രത്യേകതയാണ്. ഗാർഹിക ജൈവമാലിന്യങ്ങൾ കാര്യക്ഷമമായി കമ്പോസ്റ്റിംഗ് ചെയ്യാൻ ഇതിലൂടെ സാധിക്കുന്നു.
ഗാർഹിക വേസ്റ്റ് കമ്പോസ്റ്റിംഗിൽ പരിശീലനം
പൊതു-സ്വകാര്യ മേഖലകൾക്കായി ഗാർഹിക മാലിന്യ കമ്പോസ്റ്റിംഗിനെക്കുറിച്ച് എൻ സി ആർ എം ഐ പരിശീലന സെക്ഷനുകൾ സംഘടിപ്പിച്ചു വരുന്നു.
കയർ, കയറുമായി ബന്ധപ്പെട്ട മറ്റ് ഉല്പന്നങ്ങളുടേയും മൈക്രോബയോളജിക്കൽ വിശകലനം.
എൻ സി ആർ എം ഐയുടെ മൈക്രോ ബയോളജി ഡിവിഷനിൽ, കയറിന്റേയും കയറുമായി ബന്ധപ്പെട്ട മറ്റ് ഉൽപന്നങ്ങളുടെയും സൂക്ഷ്മമായ മൈക്രോബയോളജിക്കൽ വിശകലനത്തിനായി സുസജ്ജമായ ഒരു ലബോറട്ടറി സജ്ജീകരിച്ചിട്ടുണ്ട്. കയറിലും കയറുൽപ്പന്നങ്ങളിലുമുള്ള സൂക്ഷ്മ ജീവികളെ ആഴത്തിൽ പരിശോധിക്കാനും പഠിക്കാനും സാധിക്കുന്ന വിപുലമായ ഉപകരണങ്ങളും ലബോറട്ടറിയിൽ ലഭ്യമാണ്.
കൃഷിഭവനുകളിലേക്ക് മദർ കൾച്ചറിന്റെ വിതരണം
എൻ.സി.ആർ.എം.ഐ കൃഷിഭവനുകളിലേക്കായി ട്രൈക്കോഡെർമ (മിത്രകുമിൾ) മദർ കൾച്ചറിന്റെ ലഭ്യത സാധ്യമാക്കുന്നു
- ശ്രീ. അഭിഷേക്. സി (സയന്റിസ്റ്റ് -3)
- ശ്രീമതി. സൗമ്യ. റ്റി. വി (ടെക്നിക്കൽ ഓഫീസർ)