ഡിവിഷനെക്കുറിച്ച്

ജിയോ ടെക്‌നിക്കൽ ഡിവിഷന്റെ പ്രധാന പ്രവർത്തനമേഖല . അപ്ലൈഡ്, ഡെവലപ്‌മെന്റ് , ഓപ്പറേഷൻ റിസർച്ച് എന്നിവയുടെ ഗവേഷണം നടത്തുന്നതിലൂടെ, വിവിധ പ്രകടനപരവും (ഡമോൺസ്ട്രേറ്റീവ്) സഹകരണപരവുമായ പ്രോജക്ടുകൾ നടത്തി കയറിന്റെ വൈവിധ്യമാർന്ന എഞ്ചിനീയറിംഗ് ആപ്ലിക്കേഷനുകളുടെ വികസനത്തിലും വ്യാപനത്തിലും ഡിവിഷൻ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഗവേഷണത്തിന് അനുബന്ധമായി, മണ്ണ്, നാരുകൾ, നൂൽ, ജിയോടെക്‌സ്റ്റൈൽ (ഭൂവസ്ത്രം) എന്നിവയുടെ വിവിധ ഭൗതികവും എഞ്ചിനീയറിംഗ് ഗുണങ്ങളും പരിശോധിക്കുന്നതിനായി NCRMI - ൽ സുസജ്ജമായ ഒരു ജിയോ ടെക്‌നിക്കൽ എഞ്ചിനീയറിംഗ് ലബോറട്ടറി സ്ഥാപിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ഫൈബർ, കയർ, ഭൂവസ്ത്രം എന്നിവയുടെ പരിശോധനാ സൗകര്യമാണ് ജിയോടെക്നിക്കൽ ലാബിലുള്ളത്

നെടുമുടി പഞ്ചായത്തിൽ കൊക്കോലോഗ് ഉപയോഗിച്ച് നടത്തിയ കനാൽ സംരക്ഷണ പദ്ധതി

ആലപ്പുഴ ജില്ലയിലെ നെടുമുടി പഞ്ചായത്തിൽ കനാലിന്റെ തീര തകർച്ച മൂലമുണ്ടാകുന്ന വെള്ളപ്പൊക്കത്തിൽ നിന്ന് നെൽവയലിനെയും ജനവാസകേന്ദ്രങ്ങളെയും സംരക്ഷിക്കുന്നതിനായി കനാലിന്റെ തീരം കൊക്കോലോഗുകൾ ഉപയോഗിച്ച് ബണ്ട് ബലപ്പെടുത്തുന്ന ഒരു പദ്ധതിയാണിത്. കനത്ത മഴ ലഭിച്ചിട്ടും, കൊക്കോലോഗുകൾ ഉപയോഗിച്ച് ബലപ്പെടുത്തിയ പ്രദേശത്ത് ഒരു തകർച്ചയും നിരീക്ഷിക്കപ്പെട്ടില്ല, അല്ലാത്തപക്ഷം ഈ തീരമിടിച്ചിൽ ഒരു സാധാരണ പ്രതിഭാസമായിരുന്നു. ഈ പ്രദേശത്ത്, പ്രധാനമായും വെള്ളപ്പൊക്കം കാരണം നെൽകൃഷി ഒരു വർഷത്തിൽ ഒരു സീസണിൽ മാത്രമായി പരിമിതപ്പെടുത്തുകയുണ്ടായി . എന്നാൽ കൊക്കോ ലോഗ് ഉപയോഗിച്ചതോടെ വെള്ളത്തിന്റെ സമ്മർദത്തെ അതിജീവിക്കാൻ കവിഞ്ഞു. തൽഫലമായി, നെൽവയൽ വെള്ളം കയറുന്നതിൽ നിന്ന് സംരക്ഷിക്കപ്പെട്ടു. 15-20 വർഷത്തിനു ശേഷം നെടുമുടിയിലെ കർഷകർക്ക് ഒരു വർഷത്തിൽ രണ്ടാം തവണയും നെൽകൃഷി ചെയ്യാൻ സാധിച്ചു.

കയർ ഉപയോഗിച്ചുള്ള റോഡ് ഡിവൈഡറിന്റെ നിർമാണം

എൻ സി ആർ എം ഐ വികസിപ്പിച്ചെടുത്ത കയർ ഡിവൈഡർ പരമ്പരാഗതമായ സിമന്റ്, ഇഷ്ടിക, എന്നിവ ഉപയോഗിച്ച് നിർമ്മിക്കുന്ന ഡിവൈഡറിൽനിന്ന് വ്യത്യസ്തമായി കയർ കൊക്കോലോഗ് ഉപയോഗിച്ചാണ് നിർമ്മിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ ഇതും ഒരു പരിസ്ഥിതി സൗഹാർദ്ദ ഉത്പന്നമാണ്. കയർ ഉപയോഗിച്ച് നിർമ്മിച്ചിരിക്കുന്നതിനാൽ വളരെ ചിലവ് ചുരുക്കി ഗതാഗത ക്രമീകരണത്തിനുതകുന്ന തരത്തിലുള്ളതാണെന്നത് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകതയാണ്. മറ്റ് ഡിവൈഡറുകളെ അപേക്ഷിച്ച് കയറുകൊണ്ട് നിർമ്മിച്ചിരിക്കുന്നതിനാൽ വാഹനങ്ങൾ ഡിവൈഡറുകളിൽ തട്ടിയുള്ള അപകടങ്ങളുടെ ആഘാതം ഗണ്യമായി കുറയ്ക്കുവാൻ സഹായകരമാണ്. മണ്ണിന്റെ ലഭ്യത കുറവുള്ള പ്രദേശങ്ങളിൽ ഈ ഡിവൈഡറുകൾ നമുക്ക് ഉപയോഗപ്പെടുത്താൻ സാധിക്കും . സസ്യങ്ങൾ വച്ച് പിടിപ്പിച്ച് സൗന്ദര്യവല്ക്കരണം നടത്തുവാനും വെള്ളം ആഗീരണം ചെയ്ത് സൂക്ഷിക്കുവാൻ കഴിയുന്നതിനാൽ വേനൽകാലത്ത് ജലസേചന തോത് കുറയ്കുവാനും സഹായിക്കുന്നു

കയർ ഭൂവസ്‌ത്രം ഉപയോഗിച്ച് പാറക്കെട്ടുകളെ പുനരുജ്ജീവിപ്പിക്കുന്ന പദ്ധതി

മണ്ണൊലിപ്പ് തടയുന്നതിനുള്ള ഏറ്റവും ഉചിതമായ പരിഹാരം സസ്യങ്ങളും മരങ്ങളും വച്ച് പിടിപ്പിക്കുകയാണ്. വേരുറപ്പിക്കാൻ കഴിയുന്ന മണ്ണ് പോലെയുള്ള ഒരു മാധ്യമത്തിൽ ഇത് തീർച്ചയായും സാധ്യമാണ്. എന്നാൽ പാറകളുടെ കാര്യത്തിൽ സസ്യാവരണം സാധ്യമല്ല . കയർ കൊക്കോലോഗ് ,കയർ പിത്ത്, കയർ ഭൂവസ്ത്രം എന്നിവയുടെ സംയോജിതമായ ഉപയോഗത്തിലൂടെ പാറക്കെട്ടുകളിൽ സസ്യാവരണം വരുത്തുവാൻ ഫലപ്രദമായി സാധിച്ചു. ഇതിലൂടെ കാലക്രമേണ പാറ പൊടിഞ്ഞ് മണ്ണായി തീരും എന്നുള്ളതാണ് ഈ പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത്.

കയർ അക്കോസ്റ്റിക് പാനൽ

ഇന്റീരിയർ ഡെക്കറേഷനായി NCRMI വികസിപ്പിച്ചെടുത്ത ഒരു കയറുല്പന്നമാണ് കയർ അക്കോസ്റ്റിക്ക് പാനൽ. ചകിരി നാരുപയോഗിച്ച്നിർമ്മിക്കുന്നതിനാൽ ശബ്ദം ആഗീരണം ചെയ്യുവാനുള്ള കഴിവ് ഇത്തരം ബോർഡുകൾക്കുണ്ട്. വളരെ ചിലവ് കുറഞ്ഞതും വ്യത്യസ്ത കനത്തിൽ നിർമ്മിച്ചെടുക്കാവുന്ന ഇവ ഫോൾസ് സീലിംഗ് പാർട്ടീഷനുകൾ, ഭിത്തികൾ എന്നീ നിർമ്മിതികൾക്കായി ഉപയോഗിക്കാവുന്നതും പരിസ്ഥിതി സൗഹാർദ്ദപരവും, അഗ്നിയെ ചെറുക്കുന്നതുമായ സൗന്ദര്യാത്മകമായ ഒരു മികച്ച ഉത്പന്നമാണ്. ചുമരുകൾ മോടി പിടിപ്പിക്കുന്നതിനും ഈ പാനലുകൾ ഉപയോഗപ്രദമാണ്. അക്കോസ്റ്റിക്ക് പാനലുകൾ ഓഫീസുകൾക്ക് അനുയോജ്യമായതും വിപണിയിൽ ലഭ്യമായ വസ്തുക്കളോട് കിടപിടിക്കുന്നതുമാണ്. മാത്രമല്ല വിപണിയിൽ ലഭിക്കുന്ന അക്കോസ്റ്റിക്ക് പാനലുകളെക്കാൾ വിലയും കുറവാണ്.

കയർ ബൈൻഡർലെസ് ബോർഡ്

പരിസ്ഥിതി സൗഹാർദ്ദവും ബൈൻഡർ ഇല്ലാത്തതും ഉന്നത പെർഫോമൻസ് ഉള്ളതുമായ ബോർഡ് മെറ്റീരിയലുകൾ നിർമ്മിക്കുന്നതിനുള്ള അടിസ്ഥാന വസ്തുവായി നാളികേരത്തിന്റെ തൊണ്ട് ഉപയോഗിക്കാം. ചകിരി നാരിന്റെ സവിശേഷമായ രാസഘടന, പ്രത്യേക ലിഗ്നിന്റെ സാന്നിധ്യം എന്നിവ ഉയർന്ന നിലവാരമുള്ള കയർ ഫൈബർ ബോർഡുകൾ നിർമ്മിക്കുവാൻ ഇതു കൊണ്ട് സാധ്യമാകുന്നു. നല്ല ബലമുള്ള കട്ടിയുള്ള ബോർഡ് നിർമ്മിക്കാൻ ലളിതവും കാര്യക്ഷമവുമായ സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഇങ്ങനെ ഉല്പാദിപ്പിച്ച ബോർഡ് മെറ്റീരിയൽ വാണിജ്യാടിസ്ഥാനമാക്കിയുള്ള പാനലുകളുമായി താരതമ്യപ്പെടുത്താവുന്നതോ അതിലും മികച്ചതോ ആണെന്ന് ശാസ്ത്രീയമായി തെളിയിച്ചിട്ടുണ്ട്. ബോർഡുകൾ പരസ്പരം മുകളിൽ പരന്ന പ്രതലത്തിന് മുകളിലായി ബോർഡുകൾ പരസ്പരം ഉറപ്പിക്കുവാൻ സാധ്യമാണ്. സാധാരണ മരപണിക്കാർ ഉപയോഗിക്കുന്ന പണിയായുധങ്ങൾ ഈ ബോർഡിൽ ഡ്രില്ലിങ്ങിനും മറ്റ് മിനുസപ്പെടുത്തുന്ന ജോലികൾക്കും ഉപയോഗിക്കാൻ കഴിയും എന്നതാണ് ഇതിന്റെ മേന്മ

കയർ പോളിമർ സംവിധാനങ്ങൾ ഉപയോഗിച്ച് ബയോഡീഗ്രേഡബിൾ മൾച്ചിംഗ് മാറ്റ് വികസിപ്പിക്കൽ

NIIST-യും NCRMI-യുമായി സഹകരിച്ച് കയർ മൾച്ചിങ് മാറ്റിന്റെ ഈട് വർദ്ധിപ്പിക്കുന്നതിനായി ഒരു ബദൽ ബോണ്ടിങ് മെറ്റീരിയലായി വിവിധതരം പോളിമറുകൾ ഉപയോഗിക്കുന്നത് സംബന്ധിച്ച് പഠനങ്ങൾ നടത്തിയിട്ടുണ്ട്. ഇതിന്റെ ഫലമായി ബയോഡീഗ്രേഡബിൾ കയറും, പോളിമറുകളും സംയോജിപ്പിച്ച് ഗുണനിലവാരം കൂടിയതും ഈട് നില്ക്കുന്നതുമായ മൾച്ചിങ് ഷീറ്റുകൾ/മാറ്റുകൾ എന്നിവ നിർമ്മിച്ചിട്ടുണ്ട്. കയർ മൾച്ചിങ് മാറ്റുകൾ ലബോറട്ടറി സ്കെയിലിൽ ഉല്പാദിപ്പിക്കുകയും ഇവയുടെ മെക്കാനിക്കൽ, ഒപ്റ്റിക്കൽ സവിശേഷതകൾ പഠിക്കുകയും ചെയ്തു. ചകിരി നാരിന് ജൈവീക ജീർണ്ണനം സംഭവിക്കുന്നതിനാൽ ഇങ്ങനെ ഉൽപ്പാദിപ്പിക്കുന്ന മൾച്ചിങ് കയർ മാറ്റുകൾക്ക് പരമ്പരാഗത പോളിമർ ഉപയോഗിച്ച് നിർമ്മിക്കുന്നവയെക്കാൾ ഗുണങ്ങളേറെയാണ്

ഓട്ടോമോട്ടീവ്, ഗാർഹിക ആവശ്യങ്ങൾക്കായി കയർ ഫൈബർ-റീ ഇൻഫോഴ്സ്ഡ് പോളിമർ കോമ്പോസിറ്റ് ഉല്പ്പന്നങ്ങളുടെ രൂപകൽപ്പനയും വികസനവും.

സി ബി പി എസ് ടിയും എൻ സി ആർ എം ഐയും തമ്മിലുള്ള സഹകരണ പദ്ധതിയുടെ ഭാഗമായി വാണിജ്യ ആവശ്യങ്ങൾക്കായി പരിസ്ഥിതി സൗഹൃദ സുസ്ഥിര കയർ ഫൈബർ റീ ഇൻഫോഴ്ഡ് ഗ്രീൻ കോമ്പോസിറ്റുകൾ വികസിപ്പിച്ചെടുത്തു. പരിസ്ഥിതി സൗഹൃദ ഇന്റീരിയർ ഓട്ടോമോട്ടീവ് ഭാഗങ്ങൾ നിർമ്മിക്കുന്നതിനുള്ള ഓട്ടോമോട്ടീവ് വ്യവസായത്തിലെ നിലവിലെ ആവശ്യകതകളാണ് ആപ്ലിക്കേഷൻ ഗവേഷണത്തിലേക്ക് നയിച്ചത്. പിപി-കയർ സംയുക്ത ആഭ്യന്തര ഉൽപന്നങ്ങൾ നിർമ്മിക്കുന്നതിനുള്ള ഒരു പ്രോട്ടോടൈപ്പ് ഡിസൈൻ വികസിപ്പിച്ചെടുത്തു. മറ്റ് തെർമോപ്ലാസ്റ്റിക് ഉൽപ്പന്നങ്ങളെ അപേക്ഷിച്ച് കുറഞ്ഞ ജല ആഗീരണ ശേഷി, ഉയർന്ന കാഠിന്യം എന്നീ മികച്ച മെക്കാനിക്കൽ ഗുണങ്ങൾ ഇങ്ങനെ നിർമ്മിക്കുന്ന ഉൽപ്പന്നങ്ങൾക്കുണ്ട്. മരത്തടികൾക്ക് പകരം വയ്ക്കാവുന്ന ശാസ്ത്രീയ ബദൽ മാർഗ്ഗമായ കയർ പോളിമർ കോമ്പോസിറ്റ് ബോർഡുകൾ കയറിന്റെ ആത്യന്തിക ഉപയോഗത്തിനുതകുന്ന ഒരു പുതിയ എഞ്ചിനീയറിംഗ് ആപ്ലിക്കേഷൻ ആണ്.