മൈക്രോബയോളജി വിഭാഗത്തെക്കുറിച്ച്

എൻ.സി.ആർ.എം.ഐ മൈക്രോബയോളജി വിഭാഗം കയർ മേഖലക്കായി ചെലവ് കുറഞ്ഞതും, പരിസ്ഥിതിക്ക് അനുയോജ്യമായതും, ജൈവീക സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതുമായ ഗവേഷണ പ്രവർത്തനങ്ങൾ നടത്തി വരുന്നു. ഈ നൂതന സമീപനം വൈവിധ്യമാർന്നതും ശ്രദ്ധേയമാർന്നതുമായ നിരവധി ഉല്പന്നങ്ങളുടെ കണ്ടുപിടിത്തത്തിലേക്കും ഇതുവഴി കയർ മേഖലയുടെ വികസന രംഗത്ത് പുതിയ നാഴികകല്ലുകളുടെ സൃഷ്‌ടിക്കു കാരണമാകുകയും ചെയ്തു. ചകിരിച്ചോറ് കമ്പോസ്റ്റ് ഒപ്റ്റിമൈസ് ചെയ്യുന്നതിനുള്ള ബയോ ഇനോക്കുലം, ട്രൈക്കോപിത്ത്, ഗാർഹിക ജൈവമാലിന്യങ്ങൾ കാര്യക്ഷമമായി സംസ്‌കരിക്കുന്നതിനുള്ള ഇനോക്കുലമായ പിത്ത് ആക്‌ടിവേറ്റർ, ചാർക്കോളിനു ബദലായിട്ടുള്ള സുസ്ഥിര പ്രകൃതി സൗഹൃദ ഉൽപന്നമായ പീറ്റ് കോൾ ഡോടുകൾ, സിന്തറ്റിക്ക് ഗ്രോ ബാഗിന് പകരമുള്ള സുസ്ഥിര ബദലായ ‘ഇ കയർബാഗ്’, എന്നിവ ഇതിൽ ശ്രദ്ധേയമായവയാണ്. കൂടാതെ ട്രൈക്കോഡർമയുടെ പുതിയ സ്ട്രയിൻ ഉപയോഗിച്ചുള്ള നൂതന ചകിരിച്ചോർ കമ്പോസ്റ്റ്, കരിക്കിൻ തൊണ്ടിൽ നിന്നും വേർതിരിച്ചെടുത്ത വളരെ ഫലപ്രദമായ പോട്ടിങ് മാധ്യമമായ കൊക്കോനർച്ചർ തുടങ്ങിയവ എൻ സി ആർ എം ഐ മൈക്രോബയോളജി വിഭാഗത്തിന്റെ നേട്ടത്തിന്റെ പട്ടികയിൽപ്പെടുന്നു. അത്യാധുനിക മൈക്രോബയോളജിക്കൽ ഗവേഷണത്തിലൂടെയും പൂർണ്ണമായ സമർപ്പണത്തിലൂടെയും കയർ വ്യവസായത്തിൽ സുസ്ഥിരമായ പുരോഗതി കൈവരിക്കുന്നതിന് മൈക്രോബയോളജി വിഭാഗം പ്രതിഞ്ജാബദ്ധമാണ്.

കൊക്കോനർച്ചർ

സസ്യങ്ങളുടെ സ്വാഭാവിക വളർച്ചയിലൂടെ ഉല്പാദനശേഷി വർദ്ധിപ്പിക്കുന്ന ഒരു ജൈവ നടീൽ മിശ്രിതമാണ് കൊക്കോനർച്ചർ. സുഗമമായ വായുസഞ്ചാരം, വേരുകളുടെ സമഗ്ര വികസനം, ജലത്തെ കടത്തിവിടുവാനുള്ള കഴിവ്, വെള്ളക്കെട്ടിനെ പ്രതിരോധിക്കുവാനുള്ള കഴിവ്, ഈർപ്പത്തെ മണ്ണിൽ പിടിച്ച് നിർത്താനുള്ള കഴിവ് ഇവ കൊക്കോനർച്ചറിന്റെ പ്രത്യേകതയാണ്. മിത്രകുമിളായ ട്രൈക്കോഡർമയുടെ സഹായത്താൽ സസ്യങ്ങളുടെ രോഗ പ്രതിരോധശേഷി വർദ്ധിപ്പിച്ച് മണ്ണിലെ പോഷകങ്ങളെ സ്വാംശീകരിക്കാൻ സഹായിക്കുന്ന നിരവധി പരീക്ഷണ നിരീക്ഷണങ്ങൾക്ക് ശേഷമാണ് കൊക്കോനർച്ചർ രൂപപ്പെടുത്തിയത് അതിനാൽ പ്രകൃതിയുടെ ഈ അമൂല്യക്കൂട്ട് പൂർണ്ണമായും പരിസ്ഥിതി സൗഹാർദ്ദവും സുസ്ഥിര വികസനത്തെ പ്രോത്സാഹിപ്പിക്കുന്നതുമാണ്.

ട്രൈക്കോപിത്ത് - പ്രോ

കമ്പോസ്റ്റിംഗ് ചെയ്യുന്നതിന്റെ ആവശ്യകത വർദ്ധിച്ച് വരുന്ന ഇന്നത്തെ സാഹചര്യത്തിൽ എൻ സി ആർ എം ഐയിലെ മൈക്രോബയോളജി വിഭാഗം അതിസൂക്ഷ്മവും സമഗ്രവുമായ ഗവേഷണ പ്രവർത്തനത്തിലൂടെ വികസിപ്പിച്ചെടുത്ത ഒരു ഉൽപ്പന്നമാണ് ട്രൈക്കോപിത്ത് പ്രൊ. ഗവേഷണത്തിലൂടെ വികസിപ്പിച്ചെടുത്ത ട്രൈക്കോഡെർമ സ്ട്രെയിൻ, സ്ട്രെയിൻ (ട്രൈക്കോഡെർമ ആസ്പെറില്ലം) എന്നിവ കമ്പോസ്റ്റിംഗ് കാലയളവിനെ കുറച്ച് വളരെ വേഗത്തിൽ കരിക്കിൻ തൊണ്ടിനെയും കയർപിത്ത് മിശ്രിതത്തേയും കമ്പോസ്റ്റാക്കി മാറ്റുന്നതിന് സഹായിക്കുന്നു. ട്രൈക്കോഡെർമ ആസ്‌പെറില്ലം എന്ന ഫംഗസ് വളരെ സങ്കീർണ്ണമായ ജൈവാവശിഷ്ടങ്ങളെ വിഘടിപ്പിക്കുന്ന പ്രക്രിയയെ ത്വരിതപ്പെടുത്തുന്നതിനുള്ള ഒരു ഉൽപ്രേരകമായി പ്രവർത്തിക്കുകയും അതുവഴി ചെടികൾക്കാവശ്യമായ സൂക്ഷ്മജീവി സമ്പുഷ്ടമായ ജൈവവളം ലഭ്യമാക്കുകയും ചെയ്യുന്നു. NCRMI-ലെ മൈക്രോബയോളജി വിഭാഗം വികസിപ്പിച്ചെടുത്ത ട്രൈക്കോഡെർമ സ്ട്രെയിൻ, മണ്ണിന്റെ ഫലഭൂയിഷ്‌ടി വർദ്ധിപ്പിക്കുന്നതോടൊപ്പം സസ്യ വളർച്ചയെ പ്രോത്സാഹിപ്പിക്കുന്ന പോഷകങ്ങളെ ജൈവാവശിഷ്‌ടങ്ങളിൽ നിന്നും വിഘടിപ്പിക്കുന്നതിലും സുപ്രധാന പങ്ക് വഹിക്കുന്നു. മാത്രമല്ല മണ്ണിലൂടെ സസ്യങ്ങൾക്കുണ്ടായേക്കാവുന്ന രോഗങ്ങളെ പ്രതിരോധിക്കുകയും മണ്ണിന്റെ മൊത്തത്തിലുള്ള ഗുണനിലവാരം വർദ്ധിപ്പിക്കുന്ന ഫലഭൂയിഷ്‌ടമായ കമ്പോസ്റ്റ് ഇതിലൂടെ ലഭിക്കുകയും ചെയ്യുന്നു. ഇങ്ങനെ ലഭ്യമാകുന്ന ചകിരിച്ചോറ് ജൈവ മേന്മയേറിയതും സസ്യവളർച്ചയ്‌ക്കാവശ്യമായ പോഷകങ്ങളാൽ സമ്പുഷ്‌ടവുമായ ഒരു സോയിൽ കണ്ടീഷനർ ആണ്.

പീറ്റ് കോൾ ഡോട്ട്സ്

എൻ സി ആർ എം ഐയിലെ മൈക്രോബയോളജി വിഭാഗം വികസിപ്പിച്ചെടുത്ത മറ്റൊരു ഉൽപ്പന്നമാണ് പീറ്റ് കോൾ ഡോട്ട്സ്. ചകിരി ചോറിനെ നിയന്ത്രിത വായു പ്രവാഹത്തിലൂടെ ഈർപ്പമുക്തമാക്കി ശ്രദ്ധാപൂർവ്വം ചൂടാക്കി നിർമ്മിക്കുന്ന കാർബൺ ബയോ ബ്രിക്കറ്റുകളാണ് പീറ്റ് കോൾ ഡോട്ട്സ്. കയർപിത്തിനുള്ളിലെ ലിഗ്‌നിന്റെ സാന്നിധ്യം പീറ്റ് കോൾ ഡോട്ട്ന്നിന്റെ ഉയർന്ന ജ്വലനത്തെ സഹായിക്കുന്നു. സാവധാനത്തിൽ കത്തുന്ന പരമ്പരാഗത കരിയുടേതിനു സമാനമായ സ്വഭാവഗുണമുള്ള പീറ്റ്കോൾ ഡോട്ട്സ് കരിക്കട്ടക്ക് ബദലായ പ്രകൃതിജന്യ ഉൽപ്പന്നമാണ്. വിഷരഹിതവും ഗന്ധം ഇല്ലാത്തതുമായ പീറ്റ്‌കോൾ ഡോട്ട്സ് വിവിധ ഗന്ധങ്ങൾ ചേർത്ത് വിവിധ ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ കഴിയുമെന്നതാണ് മേന്മ.

ഇ - കൊയർ ബാഗ്

പ്രകൃതിദത്ത കയർ മാറ്റിംഗിൽ നിന്നാണ് ഇ-കൊയർ ബാഗ് നിർമ്മിച്ചിരിക്കുന്നത്. ഇത് സംസ്‌കരിച്ച കയർ നാരുകൾ കൊണ്ടാണ് നിർമ്മിക്കപ്പെട്ടിരിക്കുന്നത്. പൂർണ്ണമായും ഒരു പരിസ്ഥിതി സൗഹൃദ ഉൽപ്പന്നമാണ് ഇ-കൊയർ ഗ്രോ ബാഗ്. പരിമിതമായ സ്ഥല സൗകര്യമുള്ള സ്ഥലങ്ങളിൽ ഇ-കൊയർ ഗ്രോ ബാഗ് വളരെ അനുയോജ്യമാണ്. പച്ചക്കറികൾ, പഴങ്ങൾ, പൂക്കൾ, ഔഷധ സസ്യങ്ങൾ, ഇൻഡോർ സസ്യങ്ങൾ തുടങ്ങിയവ വളർത്താൻ അനുയോജ്യമാണ്. ഇത് പുനരുപയോഗിക്കാവുന്നതും ഈടു നിൽക്കുന്നതുമാണ്. പ്ലാസ്റ്റിക്ക് ഗ്രോ ബാഗുകളിൽ സസ്യങ്ങളുടെ വേരുകൾ വളയുന്നതും വളർച്ച മുരടിക്കുന്നതും സാധാരണയാണ്. എന്നാൽ ഇ-കൊയർ ഗ്രോ ബാഗുകളിൽ വേരുകൾ വളയുകയില്ല എന്ന് മാത്രമല്ല വേരുകളിലേക്ക് യഥേഷ്ടം വായു സഞ്ചാരവും, ഈർപ്പവും ഉറപ്പാക്കുകയും ചെയ്യുന്നു.

ട്രൈക്കോപിത്ത്

ചകിരിച്ചോറിന്റെ കമ്പോസ്റ്റിംഗ് പ്രക്രിയ ത്വരിതപ്പെടുത്തുന്നതിനും കാര്യക്ഷമമാക്കുന്നതിനുമായി രൂപകൽപ്പന ചെയ്ത ഒരു ബയോ ഇനോക്കുലം NCRMI വിജയകരമായി രൂപപ്പെടുത്തിയിട്ടുണ്ട്. ഈ നൂതനമായ പരിഹാരം മണ്ണിലെ സൂക്ഷ്മാണുക്കളെ വളർത്തുന്നതിന് നിർണായകമായ C:N (കാർബൺ : നൈട്രജൻ) അനുപാതം ഒപ്റ്റിമൈസ് ചെയ്ത് സ്ഥിരവും പക്വതയുള്ളതുമായ കമ്പോസ്റ്റ് നൽകുന്നു. തൽഫലമായി, ഇത് മണ്ണിനുള്ളിലെ സൂക്ഷ്മജിവികളുടെ പ്രവർത്തനത്തെ ഉത്തേജിപ്പിക്കുകയും മണ്ണിന്റെ ഗുണനിലവാരം ഫലപ്രദമായി പുനരുജ്ജീവിപ്പിക്കുകയും ചെയ്യുന്നു. പ്രത്യേക രീതിയിൽ രൂപപ്പെടുത്തിയ ഈ ബയോ ഇനോക്കുലം ഒരു ബയോ കൺട്രോൾ ഏജന്റായും പ്രവർത്തിക്കുന്നു. സസ്യങ്ങളിൽ മണ്ണിലൂടെ പകരുന്ന വിവിധ രോഗങ്ങളിൽനിന്ന് സംരക്ഷണം നൽകുന്നു. സുസ്ഥിരവും അഭിവൃദ്ധി പ്രാപിക്കുന്നതുമായ കൃഷിക്ക് അനുയോജ്യമായ ഒരു ജൈവ വളർച്ചാ മാധ്യമം ഈ ബയോഇനോക്കുലത്തിലൂടെ സൃഷ്ടിക്കപ്പെടുന്നു.

പിത്ത് ആക്ടിവേറ്റർ

എൻ സി ആർ എം ഐ മൈക്രോ ബയോളജി വിഭാഗം ഗാർഹിക ജൈവ മാലിന്യങ്ങളുടെ ജീർണ്ണന പ്രക്രിയ വേഗത്തിലാക്കാൻ സൂക്ഷ്മാണുക്കളാൽ (ഇ എം) സമ്പന്നമായ പിത്ത് ആക്ടിവേറ്റർ വികസിപ്പിച്ചിട്ടുണ്ട്. പിത്ത് ആക്ടിവേറ്ററിൽ ചകിരി ച്ചോറിനെ ഒരു ബൾക്കിംഗ് ഏജന്റായി ഉപയോഗിച്ച് ഗാർഹിക ഭക്ഷ്യമാലിന്യങ്ങളുടെ ജൈവീക ജീർണ്ണന സമയത്ത് സൂക്ഷ്മ ജീവികളുടെ എണ്ണം നിലനിർത്താൻ ഈ ഉല്പന്നം സഹായിക്കുന്നു ഉയർന്ന ജല ആഗിരണ ശേഷി, ന്യൂട്രൽ പി എച്ച് എന്നിവ ജൈവിക ജീർണ്ണനത്തെ ത്വരിതപ്പെടുത്താൻ സഹായിക്കുന്നു. ഫുഡ്-ഗ്രേഡും എയറോബികുമായ സൂക്ഷ്മാണുക്കൾ ജീർണ്ണനത്തിന്റെ കാര്യക്ഷമത വർദ്ധിപ്പിക്കുന്നു.

കൊയർ പിത്ത് ഉപയോഗിച്ചുള്ള പോട്ടിംഗ് ഫില്ലർ

എൻ സി ആർ എം ഐ വിഭാഗം വികസിപ്പിച്ചെടുത്ത ഒരു നൂതന കാർഷിക ഉല്പന്നമാണ് കയർ പിത്ത് കമ്പോസ്റ്റിന്റെ ഗുണങ്ങളുള്ള പോട്ടിംഗ് ഫില്ലർ. ഈ മിശ്രിതം കയർപിത്ത് കമ്പോസ്റ്റ്, ട്രൈക്കോപിത്ത് എന്നിവ സംയോജിപ്പിച്ച് മണ്ണിന്റെ ആവശ്യകത പരമാവധി കുറയ്‌ക്കുന്നു. ഈ ഒപ്റ്റിമൈസ്‌ഡ് മിശ്രിതം വിവിധ കാർഷിക വിളകളുടെ വിളവ് മെച്ചപ്പെടുത്തുമെന്ന് ഫീൽഡ് പ്രവർത്തനങ്ങൾ നിരീക്ഷിച്ചതിൽ നിന്നും ഉറപ്പായിട്ടുണ്ട്. ഈ പോട്ടിങ്ങ് ഫില്ലർ കാർഷിക വിളകൾക്ക് ഒരു മുതൽക്കൂട്ടാണ്.