നാഷണൽ കയർ റിസർച്ച് ആന്റ് മാനേജ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ട് കേരളത്തിലെ പരമ്പരാഗത കയർ വ്യവസായത്തെ പരിപോഷിപ്പിക്കുന്നതിൽ വ്യത്യസ്തമായ റിസർച്ച് ആന്റ് ഡവലപ്മെന്റ് പദ്ധതികൾക്ക് നേതൃത്വം നൽകുന്നു.
1994- ൽ C-DOCT എന്നപേരിൽ സ്ഥാപിതമായ ഈ സ്ഥാപനം കയർ മേഖലയുടെ വൈവിധ്യമാർന്ന ആവശ്യങ്ങൾ നിറവേറ്റുന്നതിൽ സുപ്രധാനമായ പങ്ക് വഹിക്കുന്നു. തുടക്ക കാലങ്ങളിൽ കേരളത്തിലെ കയർ മേഖലയുടെ വികസനത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന സ്ഥാപനം 1956–ലെ ട്രാവൻകൂർ കൊച്ചി ലിറ്റററി സയന്റിഫിക്ക് ആന്റ് ചാരിറ്റബിൾ സൊസൈറ്റീസ് ആക്ട് പ്രകാരം രജിസ്റ്റർ ചെയ്തിരിക്കുന്നു.
കയറിന്റെ അനന്തമായ സാധ്യതകൾ തിരിച്ചറിഞ്ഞ് കേരള സർക്കാർ 2003-ൽ C-DOCT നെ ദേശീയ തലത്തിലേക്ക് ഉയർത്തുകയും നാഷണൽ കയർ റിസർച്ച് ആന്റ് മാനേജ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ട് എന്ന് നാമകരണം ചെയ്യുകയും ചെയ്തു. ഈ പരിവർത്തനം നാളീകേര നാരുകളെക്കുറിച്ചും അതിന്റെ ഉൽപ്പന്നങ്ങളെക്കുറിച്ചും സമഗ്ര ഗവേഷണത്തിനുള്ള ദേശീയ കേന്ദ്രമായി നാഷണൽ കയർ റിസർച്ച് ആന്റ് മാനേജ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ടിനെ വിഭാവനം ചെയ്തു. ഈ പരിണാമത്തോടെ, ഗവേഷണം, വികസനം, കൺസൾട്ടൻസി, വിജ്ഞാന വ്യാപനം എന്നിവ ഉൾക്കൊള്ളുന്ന മികവിന്റെ കേന്ദ്രമായി മാറുന്നതിനായി NCRMI –പരിശ്രമം ആരംഭിച്ചു.
13 അംഗ ഭരണസമിതിയുടെ നേതൃത്വത്തിലാണ് ഇൻസ്റ്റിറ്റ്യൂട്ട് പ്രവർത്തിച്ച് വരുന്നത്. ഗവേഷണം, വികസനം, വ്യവസായം,അക്കാഡമിക്ക് എന്നീ മേഖലകളിൽ വ്യക്തി മുദ്രപതിപ്പിച്ച പ്രഗല്ഭരായവരാണ് NCRMI – യെ ശോഭനമായ ഭാവിയിലേക്ക് നയിച്ചുകൊണ്ടിരിക്കുന്നത്. ബഹുമാനപ്പെട്ട വ്യവസായ,നിയമ,കയർ വകുപ്പ് മന്ത്രി ശ്രീ. പി. രാജീവ് ആണ് NCRMI ഭരണസമിതിയുടെ അധ്യക്ഷൻ എന്നത് ഇതിൽ ശ്രദ്ധേയമാണ്.
NCRMI - യുടെ പ്രതിബദ്ധത കൂടുതൽ ഉറപ്പിക്കുന്നതിനായി എക്സിക്യൂട്ടിവ് കമ്മിറ്റിയും രൂപീകരിച്ചിട്ടുണ്ട്. കയർ മേഖലയുമായി ബന്ധപ്പെട്ട് വിവിധ പദ്ധതികൾ രൂപപ്പെടുത്തുന്നതിലും നടപ്പിലാക്കി വരുന്നതിലും ഈ സമർപ്പിത സംഘം സജീവമായി പങ്കെടുക്കുന്നു. രണ്ട് കമ്മിറ്റികളുടേയും സംയുക്ത പ്രയത്നത്തിലൂടെ നിരവധി പദ്ധതികൾ വിജയകരമായി നടപ്പിലാക്കുവാൻ സാധിക്കുകയും, അത് ഈ പരമ്പരാഗത വ്യവസായത്തിന്റെ കാര്യമായ പുരോഗതിയിലേക്കും, നേട്ടങ്ങളിലേക്കും നയിക്കുകയും ചെയ്തു. NCRMI-യുടെ യാത്ര നൂതന ആശയങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും കയർ വ്യവസായത്തെ അഭിവൃദ്ധിപ്പെടുത്തി ശോഭനമായ ഭാവി വിഭാവനം ചെയ്യുക എന്ന ലക്ഷ്യത്തോടെയുമാണ്. ശക്തമായ അടിത്തറയും മികവിനുള്ള കാഴ്ചപ്പാടും ഉള്ളതിനാൽ, ഇൻസ്റ്റിറ്റ്യൂട്ട് അതിന്റെ ശ്രദ്ധേയമായ പൈതൃകം തുടരാൻ സജ്ജമാണ്.